യുകെ വെസ്റ്റ് മിഡ്ലാൻഡ്സിലെ സോളിഹുള്ളിലുള്ള മെറിഡൻ പാർക്കിലാണ് ഇന്ത്യൻ വിദ്യാർത്ഥികളെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായത്.
ഒരു പ്രാദേശിക സ്വയം പ്രഖ്യാപിത വിജിലന്റ് സംഘം, പാർക്കിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ഇവിടത്തെ ഇന്ത്യക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തുന്നു. 'ചെംസ്ലി വുഡ് പാട്രിയറ്റ്സ്' (Chelmsley Wood Patriots) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘമാണ് രാത്രികാല പട്രോളിംഗിന്റെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥികളെ പരസ്യമായി ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തത്. ഇംഗ്ലണ്ടിലേക്ക് എന്തിനാണ് വന്നതെന്നും പാർക്കിൽ എന്ത് ചെയ്യുകയാണെന്നും ചോദിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. ബിർമിങ്ഹാമിൽ താമസിക്കുന്നവരാണെന്നും അന്ന് ആ പ്രദേശത്തേക്ക് മാറിയതാണെന്നും വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമാക്കിയപ്പോൾ, മാസ്റ്റർ ബിരുദ പഠനത്തിനായി രണ്ട് വർഷമായി യുകെയിലുണ്ടെന്ന് മറ്റൊരാളും മറുപടി നൽകി. എന്നാൽ ഇത് വകവെക്കാതെ, കുട്ടികളുടെ പാർക്കിന്റെ പരിസരത്തേക്ക് ഇനി വരരുതെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും പറഞ്ഞ് സംഘം വിദ്യാർത്ഥികളെ ഭീഷണിയുടെ സ്വരത്തിൽ ആട്ടിപ്പായിക്കുകയായിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളോട് എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനും ഇവർ ആവശ്യപ്പെടുകയുണ്ടായി. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് സംഘം, സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ ഇത് പുറത്തുവരികയായിരുന്നു. പ്രദേശത്ത് കാണാതായ കുട്ടികളെയും മറ്റ് കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് രാത്രികാല പട്രോളിംഗ് നടത്തുന്നതെന്നും പാർക്കിൽ സംശയാസ്പദമായ രീതിയിൽ കണ്ടതുകൊണ്ടാണ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തതെന്നുമാണ് ഈ വിജിലന്റെ സംഘത്തിന്റെ ന്യായീകരണം. എന്നാൽ തദ്ദേശീയരായ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ഈ വാദത്തെ ശക്തമായി എതിർത്ത് രംഗത്തെത്തി. യാതൊരു തെറ്റും ചെയ്യാത്ത വിദ്യാർത്ഥികളെ അവരുടെ തൊഴിലിന്റെയോ വംശത്തിന്റെയും ചർമ്മത്തിന്റെ നിറത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. പ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ തുടർ ദിവസങ്ങളിലും ഭീഷണികളും ആക്രമണങ്ങളും ഉണ്ടായതായും, ചിലയിടങ്ങളിൽ ഇവരുടെ താമസസ്ഥലങ്ങളുടെ ജനലുകൾ തകർക്കപ്പെട്ടതായും മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം വിദ്യാർത്ഥികൾക്ക് എതിരായ ഈ വംശീയ അതിക്രമത്തിൽ ശക്തമായ നടപടിയുമായി വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. സ്റ്റോപ്പ് ആൻഡ് സർച്ച് പോലുള്ള നിയമപരമായ അധികാരങ്ങൾ പൊലീസിന് മാത്രമുള്ളതാണെന്നും, സ്വയം പ്രഖ്യാപിത സംഘങ്ങളുടെ ഇത്തരം നിയമവിരുദ്ധമായ പട്രോളിംഗ് നടപടികളെ ഒരു തരത്തിലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സോളിഹുള്ളി പൊലീസും വ്യക്തമാക്കി. ഈ സംഘവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും, ഇത്തരം സംഭവങ്ങളിൽ ഔദ്യോഗിക പരാതി ലഭിച്ചാലുടൻ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. യുകെയിൽ ഉപരിപഠനത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും വലിയ സമൂഹമായ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം വലിയ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. രാജ്യത്ത് വംശീയവും വിദ്വേഷപരവുമായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ കാണണമെന്ന ആവശ്യവും ഇന്ത്യൻ വംശജരുടെ അസ്സോസിയേഷനുകൾ ആവശ്യപ്പെടുന്നു.

