സ്മാർട്ട് വാച്ചുകൾക്ക് പകരമായി ഇന്ന് വിപണിയിൽ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് ഫിറ്റ്നസ് റിങ്ങുകൾ. ഉറക്കത്തിന്റെ ദൈർഘ്യം, ശാരീരിക പ്രവർത്തനം, ഹൃദയമിടിപ്പിന്റെ വ്യതിയാനം എന്നിവ മനസ്സിലാക്കുന്നതുൾപ്പെടെ നിരവധി പ്രയോജനങ്ങളാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ കണക്കാക്കുകയും ചെയ്യും. ചില റിങ്ങുകളിൽ ഇ സി ജി റെക്കോർഡുചെയ്യാനും സാധിക്കും. പലപ്പോഴും 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാകുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ഇത് സഹായിക്കുന്നുണ്ട്.
ഓഫീസ് ജോലികൾ, ദൂരയാത്രകൾ, ക്രമരഹിതമായ ഉറക്ക ഷെഡ്യൂളുകൾ, ഫിറ്റ്നസ് ഗോളുകൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യുന്നതിലൂടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സാധിക്കും. എങ്കിലും, ഫിറ്റ്നസ് റിങ്ങുകൾ ഉപയോഗിച്ച് ഹെൽത്ത് ട്രാക്ക് ചെയ്യുന്നത് ഒരിക്കലും ഒരു മെഡിക്കൽ അവസ്ഥ നിർണ്ണയിക്കുന്നതിന് തുല്യമാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഉയർന്ന അളവിലുള്ള ഡാറ്റ ലഭിച്ചതുകൊണ്ട് മാത്രം മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാൻ കഴിയില്ല.
ഫിറ്റ്നസ് റിങ്ങുകൾ അവയുടെ റീഡിങ്ങുകൾ ശരിയായി വ്യാഖ്യാനിക്കുമ്പോൾ മാത്രമാണ് ഉപയോഗപ്രദമാകുന്നതെന്ന് പാൻ മാക്സിലെ കാർഡിയാക് സയൻസസ് ഗ്രൂപ്പ് ചെയർമാനും സാകേതിലെ മാക്സ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി മേധാവിയുമായ കാർഡിയോളജിസ്റ്റ് ഡോ. ബൽബീർ സിങ് വ്യക്തമാക്കുന്നു.
എന്നാൽ വെയറബിൾ ഡാറ്റയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ലക്ഷ്യ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങിന്റെ സ്ഥാപകനായ കൈലാഷ് മേനോൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രാക്കിങ് മാത്രം ഫിറ്റ്നസ് മെച്ചപ്പെടുത്തുകയില്ലെന്നും, ലഭിക്കുന്ന വിവരങ്ങൾ വെച്ച് നാം എന്തുചെയ്യുന്നു എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറയുന്നു. ട്രാക്കറുകളെ അമിതമായി ആശ്രയിക്കുന്നത് ആളുകൾക്ക് അവരുടെ ശരീരത്തെക്കുറിച്ചുള്ള സ്വന്തം ധാരണയിലുള്ള ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തിയേക്കാം. പൾസ് റീഡിങ്ങുകളെ കുറിച്ച് ആശങ്കയുള്ളവർ കൃത്യമായി ഡോക്ടറെ സമീപിക്കേണ്ടതാണ്.

