
കുടിയേറ്റ നിയന്ത്രണത്തിനായി ലേബർ സർക്കാർ പ്രഖ്യാപിച്ച കർശന നിയമമാറ്റങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് നഴ്‌സുമാർ അടക്കമുള്ള ഇന്ത്യൻ തൊഴിലാളികളേയും വിദ്യാർത്ഥികളെയുമാണ്. ഇതിൽ നിലവിൽ യുകെയിലുള്ളവരും യുകെയിലേക്ക് വരാൻ തയ്യാറെടുക്കുന്നവരുമുണ്ട്. നിലവിൽ യുകെയിലുള്ള മലയാളി നഴ്‌സുമാരും വിദ്യാർത്ഥികളുമടക്കം നിരവധിപ്പേർ, ഈ നിയമമാറ്റം ബാധിക്കുമോ എന്ന സംശയവുമായി കഴിയുന്നു. അതിനിടെയാണ് ആയിരക്കണക്കിന് നഴ്‌സുമാർ യുകെ വിട്ടുപോകുമെന്ന മുന്നറിയിപ്പുമായി നഴ്‌സസ് യൂണിയൻ ആർസിഎൻ രംഗത്തെത്തിയത്. ഇതുമൂലം യുകെയിൽ നിലവിലുള്ള വിദേശ നഴ്‌സുമാരിൽ പത്തുപേരിൽ നാലുപേർ വീതം യുകെ വിട്ടുപോകാൻ തയ്യാറെടുക്കുന്നതായാണ് യുകെയിലെ ഏറ്റവും വലിയ നഴ്‌സസ് യൂണിയൻ റോയൽ കോളേജ് ഓഫ് നഴ്‌സസിന്റെ റിപ്പോർട്ടിലെ മുന്നറിയിപ്പ്. പുതിയ നിയന്ത്രണങ്ങളിലെ നാല് നിയമ മാറ്റങ്ങളാണ് പ്രധാനമായും ഇന്ത്യക്കാർ അടക്കമുള്ള വിദേശ ജോലിക്കാരെയും വിദ്യാർത്ഥികളെയും ബാധിക്കുന്നത്. ഈ മാറ്റങ്ങൾ വിശദമായി ചുവടെ നൽകുന്നു. സെറ്റിൽമെന്റ് യോഗ്യതാ കാലയളവ് ഇരട്ടിയാക്കി: യുകെയിൽ സെറ്റിൽമെന്റ് പദവിക്കുള്ള യോഗ്യതാ കാലയളവ് അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായി ഇരട്ടിയാക്കി. നിലവിൽ യുകെയിൽ അഞ്ചുവർഷം തുടർച്ചയായി ജോലിചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുള്ളവർക്ക് സ്ഥിരതാമസം അഥവാ സെറ്റില്മെന്റിനായി അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ബ്രിട്ടീഷ് പൗരത്വവും ലഭിക്കും. എന്നാൽ പുതിയ നിയമം നടപ്പിലായാൽ, 5 നുപകരം 10 വർഷം യുകെയിൽ ജോലിചെയ്യുകയും താമസിക്കുകയും വേണം സെറ്റിൽമെന്റിനായി അപേക്ഷിക്കാൻ. കാത്തിരിപ്പ് സമയം കൂടുന്നത് ആനുകൂല്യങ്ങൾ ലഭിക്കുന്നത് കുറയ്ക്കുകയും ചെയ്യും. കർശനമായ ഇംഗ്ലീഷ് ഭാഷാ യോഗ്യത: അപേക്ഷകരും അവരുടെ ആശ്രിതരും ഇനിമുതൽ ഇംഗ്ലീഷ് പ്രാവീണ്യത്തിന് കൂടുതൽ കർശനമായ ടെസ്റ്റുകൾ നേരിടേണ്ടിവരും. അതായത് യുകെ വിസയുള്ള സ്‌പോൺസറുടെ അതേ ഇംഗ്ലീഷ് ഭാഷാ യോഗ്യത തന്നെ അവരുടെ ആശ്രിതരായി വരുന്നവർക്കും വേണ്ടിവരും. ഇത് ഭൂരിഭാഗം വിദേശ തൊഴിലാളികളെയും അവരുടെ പങ്കാളികളും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് തടയും. ഇതോടെ പലർക്കും കുടുംബവുമായി അകന്ന് കഴിയേണ്ടി വരും. മാത്രമല്ല, പാർട്ണറെ യുകെയിൽ എത്തിച്ച്, അവർ ജോലിചെയ്‌ത് നേടുന്ന പണം വരുമാനമാക്കി ലക്ഷ്യമിടാനും കഴിയില്ല. പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാലാവധി കുറച്ചു: മലയാളികൾ അടക്കം യുകെയിൽ പഠിക്കാൻ വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വലിയൊരു ആകർഷണമായിരുന്നു രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ. എന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദത്തിന് ശേഷം രണ്ട് വർഷം യുകെയിൽ ജോലിചെയ്യാൻ അനുവദിച്ചിരുന്ന ഗ്രാജുവേറ്റ് റൂട്ട് വിസ ഇപ്പോൾ 18 മാസമായി കുറച്ചിരിക്കുന്നു. ആറുമാസം ജോലിചെയ്യാനും സമ്പാദിക്കാനുമുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുക. ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസ നിർത്തലാക്കൽ: മലയാളി നഴ്‌സുമാർ അടക്കം പ്രധാനമായും ഇന്ത്യക്കാരും ദക്ഷിണേഷ്യൻ അപേക്ഷകരും ഉപയോഗിക്കുന്ന ഹെൽത്ത് കെയറർ വിസ വിഭാഗം നിർത്തലാക്കാൻ പോകുന്നു. സമീപ വർഷങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പോലും കണക്കാക്കാതെ ആയിരക്കണക്കിന് നഴ്‌സുമാരാണ് ഈ വിസറൂട്ടിലൂടെ യുകെയിൽ എത്തിയത്. എന്നാൽ യുകെയിൽ നിലവിലുള്ള ഹെൽത്ത് കെയറർമാരെ ഈ മാറ്റങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. എങ്കിലും നിലവിലെ കരാറുകൾ അവസാനിക്കുമ്പോൾ സ്‌പോൺസറെ മാറാനും മറ്റും ഇവർ കാര്യമായി ബുദ്ധിമുട്ടും. അതുപോലെ നിലവിൽ യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്‌സുമാരെ ഈ മാറ്റങ്ങൾ ബാധിക്കില്ല. എന്നാൽ ഇതുവരെ സെറ്റിൽമെന്റ് ആകാത്തവർക്ക് ഇനിമുതൽ അതിനായി 10 വർഷം വരെ കാത്തിരിക്കേണ്ടി വരും. യുകെയിൽ നിലവിൽ ഡിപെൻഡന്റ് അല്ലെങ്കിൽ പാർട്ണർ വിസയിൽ എത്തിയിട്ടുള്ളവരേയും പുതിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതാ നിയമമാറ്റങ്ങൾ ബാധിക്കില്ല. എന്നാൽ പുതിയതായി വരുന്നവർക്ക് ഇത് ബാധകമാകും. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നെറ്റ് മൈഗ്രേഷൻ എണ്ണം കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ മാറ്റങ്ങൾ. യുകെ-ഇന്ത്യ എഫ്‌ടിഎ കരാർ സഹകരണത്തിന് പുതിയ കരാർ ഒപ്പിട്ട പശ്ചാത്തലത്തിൽ, ഇന്ത്യൻ തൊഴിലാളികളെ നാഷണൽ ഇൻഷുറൻസ് കട്ടിങ്ങിൽ നിന്നും ഒഴിവാക്കിയ വാർത്ത വരുമ്പോഴാണ് പുതിയ നിയമമാറ്റങ്ങൾ തിരിച്ചടിയാകുക. ഇന്ത്യക്കാരുടെ കാര്യത്തിൽ സാമ്പത്തിക മൂല്യം ദൃശ്യമാകുന്ന പ്രോഗ്രാമുകളിൽ, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, പരിസ്ഥിതി, പാചക കലകൾ, റീട്ടെയിൽ തുടങ്ങി നിരവധി മേഖലകളിൽ മലയാളികൾ അടക്കമുള്ള പ്രതിഭകൾക്ക് മുൻഗണന ലഭിക്കുമെന്നും കാണാം. റോയൽ കോളേജ് ഓഫ് നഴ്‌സസ് (ആർസിഎൻ) 3,000 കുടിയേറ്റ നഴ്‌സുമാരിൽ നടത്തിയ സർവേയിൽ, അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ പത്തിൽ നാല് (42%) പേർ രാജ്യം വിടാൻ പദ്ധതിയിടുന്നതായി കണ്ടെത്തി. അവരിൽ 70% പേർ പറഞ്ഞത് ശമ്പളത്തിന്റെ കുറവാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ്. 40% പേർ പറഞ്ഞത് കുടിയേറ്റ നയങ്ങൾ ഇപ്പോഴത്തെ തീരുമാനമെടുക്കലിനെ സ്വാധീനിച്ചു എന്നാണ്. മറ്റൊരിടത്തേക്ക് പോകാൻ പദ്ധതിയിടുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്വന്തം രാജ്യത്തിന് പുറത്തുള്ള എവിടെയെങ്കിലും പോകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ആർസിഎന്റെ റിപ്പോർട്ടിൽ പറയുന്നു. "യുഎസ്, കാനഡ, ഓസ്ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിലേക്ക് പോകാനാണ് കൂടുതൽ നഴ്‌സുമാരും തയ്യാറെടുക്കുന്നത്.
More Latest News
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

അപ്രതീക്ഷിതമായി വന്ന പാട്ടിന്റെ മധുരം :കാണിക്കൾക്കിടയിൽ നിന്നും വന്ന് സിതാരയെ ഞെട്ടിച്ച ആ പാട്ടുകാരൻ ആര്

ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ:വിവിധരാജ്യങ്ങളിലേക്ക് വിദഗ്ധരായ കെയർഗിവർമാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു
