
നഴ്‌സുമാർക്കും അധ്യാപകർക്കും ഗോൾഡൻ വിസ ഓഫർ ചെയ്‌ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, മലയാളി നഴ്‌സുമാർക്ക് വീണ്ടും ഗൾഫ് നാടുകളിൽ ജീവിതം പച്ചത്തുരുത്തായി മാറിയേക്കും. യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാനും ജോലിചെയ്യാനും നിക്ഷേപിക്കാനും കഴിയും, കൂടാതെ ഗോൾഡൻ വിസയുള്ളവർക്ക് അവരുടെ കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. മെയ് 12 ന്, അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച്, ദുബായ് ഹെൽത്തിൽ 15 വർഷത്തിലേറെയായി ജോലിചെയ്യുന്ന നഴ്‌സുമാർക്കാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നടപടി. "ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്സിംഗ് ജീവനക്കാർ മുൻപന്തിയിലാണ്, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെയും മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെയും ദർശനം സാക്ഷാത്കരിക്കുന്നതിൽ അത്യാവശ്യ പങ്കാളികളായി അവർ പ്രവർത്തിക്കുന്നു," റാഷിദ് അൽ മക്തൂ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. രോഗി പരിചരണത്തിനായുള്ള നഴ്‌സുമാരുടെ ദൈനംദിന സമർപ്പണത്തെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ദുബായ് മികവിനെ അംഗീകരിക്കുകയും പ്രതിബദ്ധതയോടെ സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്ന് പദ്ധതി പ്രഖ്യാപിച്ച് വിശദീകരിച്ചു. നേരത്തേ, അധികം പ്രശസ്തർ പോലുമല്ലാത്ത നിരവധി സിനിമാതാരങ്ങൾക്കും സെലിബ്രിറ്റികൾക്കും ബിസിനസ്സുകാർക്കുമൊക്കെ യു.എ.ഇ. ഗോൾഡൻ വിസ വാരിക്കോരി നൽകിയിരുന്നു. പ്രശസ്‌തരേയും സമ്പന്നരേയും യു.എ.ഇയിൽ സ്ഥിരതാമസക്കാർ ആക്കുന്നതിന്റെ ഭാഗമായിരുന്നു പദ്ധതി. എന്നാൽ ഇതാദ്യമാണ് ഇപ്പോൾ സർവ്വീസ് മേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാരെപ്പോലുള്ളവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ പ്രഖ്യാപനം. എന്നാൽ 15 വർഷം യു.എ.ഇ. ഹെൽത്ത് സർവീസിൽ ജോലിചെയ്തവർക്കാണ് ഗോൾഡൻ വിസ ലഭിക്കുക. അതേസമയം സ്വകാര്യമേഖലയിൽ ജോലിചെയ്‌തവർക്ക് ഇത് ലഭിക്കില്ല. അത് വിമർശനത്തിനും ഇടയാക്കുന്നു. അതുപോലെ പരിചയസമ്പന്നരായ നഴ്‌സുമാരെ യു.എ.ഇയിൽ പിടിച്ചുനിർത്താനും അവർ ഇക്കാലംകൊണ്ട് സമ്പാദിച്ച പണം യു.എ.ഇയിൽത്തന്നെ ചിലവഴിപ്പിക്കുകയും കൂടി പദ്ധതി ലക്ഷ്യമിടുന്നു. സാധാരണ മലയാളി നഴ്‌സുമാർ ഉൾപ്പടെ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ, പത്തോ ഇരുപതോ വർഷം കഴിഞ്ഞ് നാട്ടിലേക്ക് തിരികെവന്ന് വലിയൊരു വീടും വച്ച് അവിടെ സെറ്റിൽ ചെയ്യുകയാണ് പതിവ്. മറ്റുചിലർ യുകെ അടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. അറബിനാട്ടിലെ കർശന നിയമങ്ങളും സ്വാതന്ത്ര്യക്കുറവും ജീവിതം ഡ്രൈ ആണെന്നുള്ളതും ആവശ്യത്തിന് പണം സമ്പാദിച്ചശേഷം നാട്ടിലേക്ക് തിരിച്ചുപോകാൻ പലരെയും പ്രേരിപ്പിക്കുകയാണ് പതിവ്. യുകെയും യുഎസും യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോൾ, അവിടെ ലഭിക്കുന്ന വേതനത്തിന്റെ മൂന്നിലൊന്നു മാത്രമാണ് ഗൾഫിലെ നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് ലഭിക്കുന്നത് എന്നതും മറ്റുരാജ്യങ്ങളിലേക്ക് മാറാനുള്ള പ്രചോദനമാണ്. എന്നാലിപ്പോൾ യുകെ അടക്കമുള്ള രാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കുമ്പോൾ, കഴിവതും യു.എ.ഇയിൽത്തന്നെ പിടിച്ചുനിൽക്കാൻ നഴ്‌സുമാർ ശ്രമിക്കും. ഈ പ്രഖ്യാപനത്തോടെ, യുഎഇ തങ്ങളുടെ ഗോൾഡൻ വിസ പ്രോഗ്രാം വിപുലീകരിച്ചു. 2019 ൽ ആദ്യമായി ആരംഭിച്ച ഗോൾഡൻ വിസ പ്രോഗ്രാം, തിരഞ്ഞെടുത്ത വിദേശ പൗരന്മാർക്ക് 10 വർഷത്തെ റെസിഡൻസി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന പ്രൊഫഷണലുകൾക്ക് ദീർഘകാല സ്ഥിരതയിലേക്കുള്ള പാതയാണ് ഈ വിസ നൽകുന്നത്. ഈ സംരംഭം നിരവധി പേർക്ക് തുറന്നിരിക്കുന്നു, അതിൽ പുതിയതായി പ്രവേശിക്കുന്നവർ ഉൾപ്പെടുന്നു. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും യോഗ്യതയുള്ള പ്രൊഫഷണലുകൾ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതികവിദ്യ, സൃഷ്ടിപരമായ വ്യവസായങ്ങൾ, ഗെയിമിംഗ് തുടങ്ങിയ പ്രധാന മേഖലകളിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളെയെല്ലാം ഉൾപ്പെടുത്തും.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
