
ഏറെനാളത്തെ പ്രയത്‌നത്തിനുശേഷം നാട്ടിലെ വീടെന്ന സ്വപനം സാക്ഷാത്കരിച്ചതിന്റെ നിറവിലും സന്തോഷത്തിലുമായിരുന്നു അയർലൻഡ് മലയാളികളായ ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയും ലീനയും. ഇതിനായി കഴിഞ്ഞമാസം 21 നാണ് ലിജോ ജോയിയും ഭാര്യ ലീനയും മക്കളുമൊത്ത് നാട്ടിലെത്തിയത്. ഗൃഹ പ്രവേശനത്തിനൊപ്പം അയർലൻഡിൽ വച്ചുജനിച്ച ഇളയമകൻ ജോർജ് സ്‌കറിയയുടെ മാമ്മോദീസ കൂടി നടത്തുകയെന്ന ലക്ഷ്യവും ദമ്പതികളുടെ വരവിനുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ ചടങ്ങുകളെല്ലാം മംഗളകരമായ പൂർത്തിയാക്കി. ഏറെ സന്തോഷത്തോടെ കുടുംബാംഗങ്ങൾ കഴിയുമ്പോഴാണ് ശനിയാഴ്ച്ച രാവിലെയോടെ ആ ദുരന്തം ഇവരെ തേടിയെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, ആരുടേയും ശ്രദ്ധയിൽപ്പെടാതെ, സ്വിമ്മിങ് പൂളില്‍ വീണ് രണ്ടു വയസ്സുകാരന്‍ ജോർജ്ജ് ദാരുണമായി മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വീടിനോട് ചേര്‍ന്ന സ്വിമ്മിങ് പൂളിലേക്ക് വീണാണ് അപകടം. സംഭവം നടന്നയുടൻ തന്നെ കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാവരും വലിയ സന്തോഷത്തിലിരിക്കയാണ് ദുരന്തം എത്തുന്നത്. ജോര്‍ജിന്റെ മാമോദീസ ഈ മാസം ആറിനായിരുന്നു. 19ന് തിരികെ അയര്‍ലന്‍ഡിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം ഓമനകുഞ്ഞിന്റെ ജീവൻ അപഹരിച്ചത്. മരണപ്പെട്ട ജോർജിന്റെ സഹോദരന്മാരായി ജോണ്‍ സ്‌കറിയ, ഡേവിഡ് സ്‌കറിയ എന്നീ രണ്ടുമക്കൾ കൂടി ദമ്പതികൾക്കുണ്ട്. സംസ്‌കാരം ഞായറാഴ്ച്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
