
ഇന്ത്യ - പാക്ക് യുദ്ധം നിയന്ത്രണങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. ഡ്രോൺ - റോക്കറ്റ് ആക്രമണങ്ങളിൽ നിന്ന് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇന്നലെ രാത്രി ആക്രമണ പ്രത്യാക്രമണങ്ങളും നടന്നു. നാട്ടിലെ ബന്ധുക്കളുടേയും പഞ്ചാബ്, ജമ്മു, ഡെൽഹി എന്നിവിടങ്ങളിൽ പഠിക്കാൻ പോയിട്ടുള്ള കുട്ടികളെക്കുറിച്ചുമുള്ള ആശങ്കയിലാണ് യുകെ മലയാളികൾ അടക്കമുള്ള പല പ്രവാസികളും. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസ്സൈലുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ന് വെളുപ്പിന് ആക്രമണം നടത്തിയ കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പവർഗ്രിഡിനു നേരെ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ ശക്തമായി നിഷേധിച്ചു. എന്നാൽ ഇന്നലെ രാത്രി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചത് ഇത്തരം ഒരു വ്യാജ പ്രചാരണം നടക്കുന്നതിനും കാരണമായി. ഇതിന് തിരിച്ചടിയെന്നോണം പാകിസ്ഥാന്റെ 5 എയർ ബേസുകളിൽ സൂപ്പർ സോണിക് ബ്രഹ്മോസ് മിസ്സൈലുകൾ ഉപയോഗിച്ച് ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇക്കാര്യം പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസ്സൈൽ പാക്കിസ്ഥാന്റെ റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളത്തിൽ പതിക്കുന്നതിന്റെ വീഡിയോയും വിദേശ ന്യൂസ് ഏജൻസികൾ പുറത്തുവിട്ടു. ഇറാൻ നിർമ്മിതമായ ഫത്താ ബാലിസ്റ്റിക് മിസ്സൈലാണ് പാക്കിസ്ഥാൻ ഉപയോഗിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അത്യാവശ്യങ്ങൾക്ക് ഒഴികെ നാട്ടിലേക്കുള്ള യാത്ര ഏതാണ്ട് പൂർണ്ണമായിത്തന്നെ, യുകെ മലയാളികൾ ഒഴിവാക്കിയതായാണ് അറിയുന്നത്. ടിവികൾക്കു മുന്നിൽ യുദ്ധവാർത്തകൾ അറിയാൻ കുത്തിയിരിക്കുകയാണ് മിക്കവരും. നാട്ടിലെ ബന്ധുക്കളുമായി ഫോണുകളിലും വാട്ട്സാപ്പിലും നിരന്തരം സംസാരിച്ച് പലരും വിവരങ്ങൾ അന്വേഷിച്ചുവരുന്നു. ചില യുകെ മലയാളികളുടെ മക്കൾ, ഡൽഹിയും പഞ്ചാബിലും ജമ്മുവിലുമൊക്കെ ഉന്നത പഠനത്തിനും ബോർഡിങ് സ്‌കൂളുകളിലും പഠിക്കുന്നുണ്ട്. ഈ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും പലരും ആശങ്കാകുലരാണ്. അതുപോലെ കൂടുതൽ വിമാനത്താവളങ്ങൾ ഇന്ത്യ താൽക്കാലികമായി അടച്ചു. ഇതോടെ ആകെ അടച്ച ഇന്ത്യൻ വിമാനത്താവളങ്ങളുടെ എണ്ണം 32 ആയി. മെയ് 15 ന് രാവിലെ 05:29 വരെ അടച്ചിടൽ പ്രാബല്യത്തിൽ വരും. ചണ്ഡീഗഢ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ഭൂന്തർ, കിഷൻഗഡ്, പട്യാല, ഷിംല, ധർമ്മശാല, ബട്ടിൻഡ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളെ അടച്ചിടൽ ബാധിക്കുന്നു. ജയ്‌സാൽമീർ, ജോധ്പൂർ, ലേ, ബിക്കാനീർ, പത്താൻകോട്ട്, ജമ്മു, ജാംനഗർ, ഭുജ് തുടങ്ങിയ തന്ത്രപ്രധാന വിമാന താവളങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അതിനിടെ അല്പം ആശ്വാസമായി ഇതാദ്യമായി ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ഹോട്ട് ലൈനിൽ സംസാരിച്ചതായ വാർത്ത പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യവും എന്താണ് സംസാരിച്ചതെന്നും ഇന്ത്യയോ പാക്കിസ്ഥാനോ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്ക അല്പംകൂടി ഊർജിതമായി പ്രശ്നപരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന വിവരവും റിപ്പോർട്ടുചെയ്യുന്നു.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
