
കൈക്കൂലിക്കേസിൽ മലയാളിയായ പീഡിയാട്രിക് ഡോക്ടർ അനീഷിനെതിരെ നോർത്തേൺ ഹെൽത്ത് ട്രസ്റ്റ് അന്വേഷണം പ്രഖ്യാപിച്ചു. രോഗികളായ കുട്ടികളുടെ നിരവധി മാതാപിതാക്കളാണ് ഈ വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും മറ്റും പരാതിയുമായി എത്തുന്നത്. ആയിരം പൗണ്ടോളം ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി കൈക്കൂലിയായി ഡോക്ടർ വാങ്ങിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. സമാനമായ പരാതികളാണ് കുടുതൽപ്പേരും നൽകിയിട്ടുള്ളത്. സോഷ്യൽ മീഡിയകളിലൂടെയും പലരും പരാതികൾ ഉന്നയിക്കുന്നു. പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നോർത്തേൺ അയർലണ്ടിലെ ഹെൽത്ത് ട്രസ്റ്റുകളിൽ ഒന്നായ നോർത്തേൺ ഹെൽത്ത് ട്രസ്റ്റ് അറിയിച്ചു. എന്നാൽ പരാതികളോട് തണുപ്പൻ പ്രതികരണം ആണ് ഹെൽത്ത് ട്രസ്റ്റ് അധികൃതർ കാണിക്കുന്നതെന്നും രോഗികളുടെ മാതാപിതാക്കൾ ആരോപിക്കുന്നു. കൈക്കൂലി കേസിനു പുറമേ, എഡിഎച്ച്ഡി, ഓട്ടിസം എന്നിവയ്ക്കുള്ള ചികിത്സകളെക്കുറിച്ചുള്ള മാതാപിതാക്കളുടെ പരാതികളെത്തുടർന്ന് ഡോക്ടറുടെ ആ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ഒരു അന്വേഷണവും ഹെൽത്ത് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. എഡിഎച്ച്ഡിയും ഓട്ടിസവും ബാധിച്ച കുട്ടികളുടെ ഡസൻ കണക്കിന് രക്ഷിതാക്കൾ പറയുന്നത്, ഡോക്ടർ സ്വകാര്യമായി ക്ലയന്റുകളെ കാണുന്നത് നിർത്തിയതോടെ അനിശ്ചിതത്വത്തിലാണെന്നാണ്. നേരത്തെ ഈ ഡോക്ടർ സ്വകാര്യ പ്രാക്ടീസും നടത്തിയിരുന്നു. ആ സമയത്താണ് കൂടിക്കാഴ്ചകൾക്കായി പണം വാങ്ങിയത്. എൻഎച്ച്എസിൽ കുട്ടികളെ ഡോക്ടർ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി വലിയൊരു വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടായിരുന്നതിനാൽ, ദുരിതബാധിത കുടുംബങ്ങൾ സ്വകാര്യ പ്രാക്ടീസിൽ എത്തി ഡോക്ടറെ കാണുകയായിരുന്നു. ചില മാതാപിതാക്കൾ ഡോക്ടർ അനീഷുമായുള്ള കൺസൾട്ടേഷനുകൾക്കായി ആയിരക്കണക്കിന് പൗണ്ട് ചെലവഴിച്ചു, പക്ഷേ തുടർ പരിചരണമോ മരുന്നോ ലഭിക്കാതെ ഇപ്പോൾ വിഷമത്തിലും അസ്വസ്ഥതയിലും ആണെന്ന് പറയുന്നു. എന്നാൽ ഡോക്ടർ അനീഷ്, എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് പണം വാങ്ങിയെന്ന ആരോപണം ശക്തമായി നിഷേധിച്ചു. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിലാണ് ആരോപണ സമയം ഡോക്ടർ ജോലി ചെയ്തിരുന്നത്. നിലവിൽ തനിക്ക് സുഖമില്ലെന്നും അതിനാൽ ആരോപണം ഉന്നയിച്ച കുട്ടികളുടെ മാതാപിതാക്കളെ കാണാൻ കഴിയുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. തന്നെക്കുറിച്ച് പരാതി പറഞ്ഞ മാതാപിതാക്കളെ കാണാനും അവരോട് ക്ഷമ ചോദിക്കാനും ആഗ്രഹിക്കുന്നുവെന്നും കൂടി ഡോക്ടർ അനീഷ് വിവരം അന്വേഷിച്ചെത്തിയ ദേശീയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആൻട്രിം ഏരിയ ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോൾ ഡോക്ടർ അനീഷിനു സൗജന്യ ആരോഗ്യ സേവന അപ്പോയിന്റ്മെന്റ് എന്ന നിലയിൽ ഒരു കൺസൾട്ടേഷനായി 850 പൗണ്ട് നൽകിയതായി ഒരു രക്ഷിതാവ് ആരോപിച്ചു. സംഭവം പുറത്തുവന്നതോടെ കൂടുതൽ കുട്ടികളുടെ മാതാപിതാക്കൾ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിപേർ സോഷ്യൽ മീഡിയകളിലൂടെയും പരാതി നൽകുന്നു. അതുപോലെ ഡസൻ കണക്കിനു രോഗികളുമായി ബന്ധപ്പെട്ടാണ് ഹെൽത്ത് ട്രസ്റ്റിന്റെ അന്വേഷണം എന്നും മനസ്സിലാക്കുന്നു. ഇതുവരെ 18 കേസുകൾ ഇതുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അധികൃതർ അന്വേഷിച്ചു വരുന്നുണ്ട്. പരാതിയുള്ളവർ സോഷ്യൽ മീഡിയകളിലൂടെ വിമർശനങ്ങൾ നടത്തുന്നതിന് പകരം ട്രസ്റ്റിന് നേരിട്ട് പരാതി നൽകണമെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ബാധിക്കപ്പെട്ട മാതാപിതാക്കളെ സഹായിക്കുന്നുണ്ടെന്ന് നോർത്തേൺ ട്രസ്റ്റ് പറയുന്നു. നിരവധി രക്ഷിതാക്കൾ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയാണ് ഡോക്ടറെ ബുക്ക് ചെയ്യുന്നതിനുള്ള സേവനം ഉപയോഗിച്ചത്, എന്നാൽ നിലവിൽ അത് പ്രവർത്തിക്കുന്നില്ലെന്ന് അവർ പറയുന്നു. സ്വകാര്യ ജോലിക്കൊപ്പം, ഡോക്ടർ നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ എൻഎച്ച്എസ് ജോലിയും ചെയ്തു, പക്ഷേ പിന്നീട് ട്രസ്റ്റ് വിട്ടു. സ്വകാര്യ ക്ലിനിക്കൽ അസസ്‌മെന്റുകളുമായി ബന്ധപ്പെട്ട രേഖകൾക്കായി അല്ലെങ്കിൽ രോഗിയായ കുട്ടിക്ക് എഡിഎച്ച്ഡി (ശ്രദ്ധാ കമ്മി ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ) അല്ലെങ്കിൽ എഎസ്ഡി (ഓട്ടിസം സ്പെക്ട്രം ഡിസോർഡർ) രോഗനിർണയത്തിന്റെ സ്ഥിരീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് നിരവധി മാതാപിതാക്കൾ പറഞ്ഞു. ഡോക്ടർ അനീഷ് യുകെ ജനറൽ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഷങ്ങളായി നോർത്തേൺ അയർലൻഡിൽ സ്വകാര്യ രംഗത്തും എൻഎച്ച്എസിലും പ്രാക്ടീസ് നടത്തി വരികയുമാണ്. ഇദ്ദേഹം മലയാളിയാണെന്ന് കരുതുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ കേരളത്തിലെ വേരുകൾ കണ്ടെത്താനോ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. "ഡോ. അനീഷ് ഇപ്പോൾ നോർത്തേൺ ട്രസ്റ്റിൽ ജോലി ചെയ്യുന്നില്ല. ഡോ. അനീഷ് ട്രസ്റ്റിൽ ജോലിചെയ്തിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സംരക്ഷണയിൽ ഉണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന്, കഴിഞ്ഞ വർഷം അവസാനം ഒമ്പത് ആഴ്ച കാലയളവിൽ ട്രസ്റ്റിന്റെ പീഡിയാട്രിക് സർവീസിൽ ഡോ. അനീഷ് അതുവരെ കണ്ട രോഗികളുടെ ഒരു മുൻകാല കേസ് നോട്ട് അവലോകനം ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ അവലോകനം വേഗത്തിലാണ് നടക്കുന്നത്, തുടർന്നും പുരോഗമിക്കുന്നു. ട്രസ്റ്റിന് എന്ത് തുടർ നടപടി ആവശ്യമാണെന്ന് അതിന്റെ ഫലമായിരിക്കും തീരുമാനിക്കുക." നോർത്തേൺ ഹെൽത്ത് ട്രസ്റ്റ് അധികൃതർ നിലവിൽ നടക്കുന്ന അന്വേഷണ നടപടികൾ വ്യക്തമാക്കി.
More Latest News
സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി
