കലാ / സാഹിത്യം
എന്നും തളിർത്തു നിൽക്കുന്ന ആ മുന്തിരിവള്ളികളുടെ ഓർമ്മക്ക് :മലയാളത്തിന്റെ പ്രാണഹാരിയായ എഴുത്തുകാരൻ പി. പത്മരാജന് ഇന്ന് എൻപതാം ജന്മദിനം

മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെ നീരുറവ സൃഷ്‌ടിച്ച എഴുത്തുകാരൻ പി. പത്മരാജന് ഇന്ന് എൺപതാമത് ജന്മദിനമാണ്.മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിൽ ഇറങ്ങിച്ചെന്ന്, അവരുടെ വികാരവിചാരങ്ങളുടെ യഥാർഥ്യങ്ങളെ വാക്കുകളും, വരികളും കഥകളുമൊക്കെയായി സൃഷ്ടിക്കാനെന്ന വണ്ണം ഭൂമിയിലേക്ക് വന്ന അയാൾ വായനക്കാരുടെ ഇടയിൽ ഇന്നും ഗന്ധർവ്വൻ എന്നാണ് അറിയപ്പെടുന്നത്.
അപൂർവ്വങ്ങളിൽ അപൂർവ്വനായ എഴുത്തുകാരൻ.പത്മരാജൻ എന്ന് കേൾക്കുമ്പോൾ തന്നെ, ഒരു കൂട്ടം കഥാപാത്രങ്ങളും, അവരുടെ മുഖങ്ങളും, ഏതോ ജീവിതപ്രതിസന്ധികളിൽ അവർ പറഞ്ഞുകൊണ്ട് കടന്നു പോയ വാക്കുകളും ഉള്ളിലേക്കു ഇരച്ചെത്തും. വായനക്കാരന്റെ കണ്ണുകളിൽ കൗതുകവും, പുഞ്ചിരിയും, കണ്ണീരും നിറക്കാൻ കാരണമായ എത്രയെത്ര എഴുത്തുകൾ. ചിലപ്പോൾ പ്രണയിക്കാൻ പഠിപ്പിക്കുന്ന പുസ്തകങ്ങളെപ്പോലെ നമുക്ക് അവയെ സമീപിക്കാം.
പ്രണയവും, വിരഹവും ഒരുപോലെ കണ്ണിലെടുത്തണിഞ്ഞ 'ലോല' എന്ന പെൺകുട്ടിയുടെ മുഖചിത്രം നമ്മുടെ മനസ്സിൽ ഇന്നും പത്മരാജൻ എന്ന പേരിനോടൊപ്പം തങ്ങിനിൽക്കുന്നതാണ്. 'പ്രണയം' എന്ന വിഷയം അക്കാലത്തെ എഴുത്തുകളലെല്ലാം ഒരേ തീരങ്ങളിൽ മുങ്ങിക്കൊണ്ടിരുന്നപ്പോൾ, ഈ എഴുത്തുകാരന്റെ കഥകൾ മാത്രം വ്യത്യസ്തമായ പ്രണയത്തിന്റെയും, പ്രണയിതാക്കളുടെയും ലോകത്തേക്ക് ചേക്കേറി.നക്ഷത്രങ്ങളേ കാവൽ, ഉദകപ്പോള,വാടകക്കൊരു ഹൃദയം,രതിനിർവേദം അങ്ങനെ എക്കാലവും നിലനിൽക്കുന്ന ഒരു പറ്റം കൃതികൾ സമ്മാനിച്ചു.
എഴുത്തിനപ്പുറം സംവിധായകനായും, തിരക്കഥാകൃത്തായും വന്നുകൊണ്ട് ദൃശ്യങ്ങളിലൂടെയും മാന്ത്രികവിസ്മയം പങ്കുവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പെരുവഴിയമ്പലം,നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ,ഞാൻ ഗന്ധർവ്വൻ എന്ന് തുടങ്ങി തലമുറകൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന 'തൂവാനത്തുമ്പികൾ' വരെ ആ കലഹൃദയത്തിൽ നിന്നും ഉടലെടുത്തവയാണ്. ഏത് കാലഘട്ടത്തിലും, എവിടെയും ഗൃഹാതുരത്വമുണരുന്ന അനുഭൂതി ഒരിക്കൽകൂടി അനുഭവിക്കാനും, പ്രണയത്തിന്റെ അന്തരാളങ്ങളെക്കുറിച്ച് വാചാലരവാനുമൊക്കെയായി, മണ്ണാറത്തൊടിയിലെ ജയകൃഷ്ണനെയും, ക്ലാരയെയും തേടിപ്പോകാത്ത മലയാളികൾ കുറവാണ്.
മലയാള സാഹിത്യ-സിനിമാ രംഗത്തെ,തന്റെ ജീവിതകാലഘട്ടം കൊണ്ടും, സൗഹൃദങ്ങളിൽ ഇഴപിരിഞ്ഞു നിർമ്മിക്കപ്പെട്ട സിനിമകൾ കൊണ്ടും ഒരു പടിയുയർത്താൻ പത്മരാജന് കഴിഞ്ഞു എന്നതിൽ സംശയമില്ല. അതിനായിത്തന്നെ ഒരുപാട് ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അകാലത്തിൽ മരണപ്പെട്ട് പോയ എഴുത്തിന്റെ ഗന്ധർവ്വന്റെ മരണമില്ലാത്ത ഓർമ്മകൾ, ആ മന്ത്രികൻ നടന്ന വഴികളിൽ വിതച്ച കഥാപാത്രങ്ങളിലൂടെ എന്നും നിലനിൽക്കും.
കന്നട എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരം,77-ാം വയസ്സിലെ ഈ നേട്ടം'ഹാർട്ട് ലാമ്പ്'എന്ന ചെറുകഥാ സമാഹാരത്തിന്

കന്നട എഴുത്തുകാരിയും, സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖ് 2025 ലെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിന് അർഹയായി.മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന കൃതികളുടെ വിഭാഗത്തിൽ,ചെറുകഥകളുടെ സമാഹാരമായ 'ഹാർട്ട് ലാമ്പ്' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്.കന്നടയിലെഴുതപ്പെട്ട ഈ സമാഹാരം ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. അവാർഡ് തുകയായ 55 ലക്ഷം രൂപ ഇരുവർക്കും പങ്കിട്ടെടുക്കാവുന്നതാണ്.
കർണാടകയയിലെ ഹസ്സനിൽ, ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ബാനു മുഷ്താഖ് ചെറുപ്പം മുതൽ തന്നെ എഴുത്തിൽ തല്പരയായിരുന്നു.സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ജാതി,മതം, വർഗ്ഗം എന്നീ വിഷയങ്ങളിൽ ആഴ്ന്നിറങ്ങി പുരോഗമനത്തിന്റെ ശബ്ദമായി എഴുത്തിലൂടെ നിലനിൽക്കാൻ അവർക്ക് കഴിഞ്ഞു.എഴുത്തുകാരിയെന്നതിനപ്പുറം,അഭിഭാഷകയായും, മാധ്യമപ്രവർത്തകയായും പ്രവർത്തിക്കാൻ മുഷ്താഖിന് സാധിച്ചു.ജീവിതവഴികളിൽ എഴുത്തുകാരി കണ്ടുമുട്ടിയ സ്ത്രീജീവിതങ്ങളുടെ നേർക്കാഴ്ചയാണ് 'ഹാർട്ട് ലാമ്പ്'എന്ന പുസ്തകത്തിൽ തെളിഞ്ഞു നിൽക്കുന്നത്.അവാർഡിന്റെ തെളിച്ചത്തിൽ ഈ പുസ്തകവും ഇപ്പോൾ ആഗോളതലത്തിൽ പ്രശസ്തി നേടുകയാണ്.
'ഒരൊറ്റ ആകാശത്ത് ഒരായിരം മിന്നാമിനുങ്ങുകൾ തിളങ്ങിയ പ്രതീതി 'എന്നാണ് ഈ അംഗീകാരത്തിനെക്കുറിച്ച് മുഷ്താഖ് പറഞ്ഞത്. എഴുത്തിനും, ആശയങ്ങൾക്കുമെതിരെ പല എതിർപ്പുകളും, വിമർശനങ്ങളും ഉയർന്നു നിന്നെങ്കിലും ഇന്ന് അതിനെല്ലാം മേലെ ഒരഗ്നിപ്പറവയെപ്പോലെ ചിറക് വിരിച്ച് നിറഞ്ഞ സന്തോഷത്തോടെ ബുക്കർ പ്രൈസ് വേദിയിൽ നിൽക്കുന്ന ബാനു മുഷ്താഖിന്റെ ചിത്രം അത്രയും മനോഹരമാണ്.
പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

പലസ്തീൻ കവിയും എഴുത്തുകാരനുമായ മൊസാബ് അബു തോഹ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹനായി. ഗാസയിലെ ജനങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളെകുറിച്ചും, അവർ അനുഭവിച്ച ശാരീരികവും മാനസികവുമായ തകർച്ചയെക്കുറിച്ചും, ന്യൂ യോർക്കറിൽ എഴുതിയ ലേഖനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.യു എസിലുള്ള ഇദ്ദേഹത്തെ നാടുകടത്തിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ സംഘടനകളുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു.
"ഗാസയിലെ യുദ്ധാനന്തര ദുരിതം ഉൾക്കൊള്ളിച്ചുവെക്കുന്ന, ആഴത്തിലുള്ള റിപ്പോർട്ടിംഗും ആത്മകഥാനുഭവങ്ങളുടെ സമന്വയവുമായ ലേഖനങ്ങളാണ് അവാർഡിന് പിന്‍തുണയാകുന്നത്” എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ പറയപ്പെട്ടത്.
2023 ഇൽ നടന്ന ഇസ്രയേൽ എയർ സ്ട്രൈകിൽ 31 ഓളം കുടുംബാംഗങ്ങളെ അബു തോഹക്ക് നഷ്ടപ്പെട്ടു.ഇതേവർഷം ഇസ്രായേൽ സൈന്യം ഇദ്ദേഹത്തെ ഗാസയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ലഭിച്ച പുരസ്‌കാരം ആ 31 പേർക്കും തന്റെ അധ്യാപകർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അബു തോഹ പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി ഗാസ ആണെന്നും, ഗാസ എന്നും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
“ഞാൻ കമന്ററിക്കായുള്ള പുലിറ്റ്സർ പുരസ്‌കാരം നേടിയിരിക്കുന്നു,” എന്ന് തന്റെ സാമൂഹമാധ്യമ പേജിൽ കുറിക്കുന്നതിനോടൊപ്പം “ഇത് പ്രത്യാശയുടെ സന്ദേശമാകട്ടെ. ഒരു കഥയാകട്ടെ.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ലെ മെറ്റ് ഗാലയിൽ തിളങ്ങിയത് മലയാളികളുടെ കൈപ്പിടിയിലൊരുങ്ങിയ പരവതാനി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ് ഗാല ന്യൂയോർക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ സമാപിക്കുമ്പോൾ ഇത്തവണയും മലയാളികളുടെ കയ്യൊപ്പ് അവിടെ പതിഞ്ഞിട്ടുണ്ട്.
ബോളിവുഡിന്റെ സൂപ്പർതാരമായ ഷാരൂഖ് ഖാൻ പ്രശസ്ത ഡിസൈനർ സാബ്യാസാചിയുടെ കൗച്ചറിൽ ആദ്യമായി കാല്‍വച്ചപ്പോഴും, അമ്മയാകാനിരിക്കുന്ന കിയാര അഡ്വാനി, ഗൗരവ് ഗുപ്തയുടെ കസ്റ്റം ഡ്രസിൽ അതിശയിപ്പിച്ച നിമിഷത്തിലും, പഞ്ചാബ് ഗായകനും നടനുമായ ദില്ജിത്ത് ദോസാഞ്ച് രാജകീയമായ മഹാരാജാ വേഷഭൂഷയിൽ നടന്നു നീങ്ങിയപ്പോഴും അവർക്കുവേണ്ടി നീല നിറത്തിലുള്ള അതിമനോഹരമായ പരവതാനിയൊരുക്കപ്പെട്ടത് കേരളത്തിലെ നെയ്ത്ത് കൂട്ടായ്മയിൽ നിന്നുമാണ്.
ആലപ്പുഴയിലെ ചേർത്തലയിൽ പ്രവർത്തിക്കുന്ന ബ്രാൻഡായ നെയ്‌റ്റ് ഹോമ്സിൽ നിന്നാണ് ഈ കാർപെറ്റ് നെയ്തെടുക്കപ്പെട്ടത്. 6840 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരുങ്ങിയ പരവതാനിയുടെ നിർമ്മാണത്തിനായി, 480 തൊഴിലാളികൾ ഏകദേശം 90 ദിവസത്തോളം ജോലി ചെയ്തിട്ടുണ്ടെന്ന് ബ്രാൻഡ് ഉടമകളായ ശിവൻ സന്തോഷും നിർമിഷ ശ്രീനിവാസും indianexpress.com- നോട് പങ്കുവച്ചു.
കഠിനാധ്വാനത്തിന്റെയും കലയുടെയും തികഞ്ഞ പ്രതീകമായി ലോകമെമ്പാടും കേരളത്തിന്റെ തനത് സംസ്കാരത്തെ വരച്ചു കാട്ടുകയാണ് മെറ്റ് ഗാലയിൽ തിളങ്ങിയ പരവതാനി.
പുസ്തകങ്ങള്‍ വിരല്‍തുമ്പിലെത്തുന്ന ലോകത്ത് അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളില്‍ ആമസോണ്‍ പുസ്തകങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍പോലെ യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോള്‍ മലയാള പുസ്തകങ്ങള്‍ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്? രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും പിടിച്ച് കുഴലൂത്തുകാരും കുടപിടിക്കുന്നവരും കാത്തുനില്‍ക്കുന്നത് കണ്ടാല്‍ അല്ലെങ്കില്‍ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങള്‍ കണ്ടാല്‍ 'ഈശ്വര-മുകുന്ദ-മുരാരേ' എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്. അല്‍പം കൊണ്ട് ആശാനാകാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സര്‍ഗ്ഗപ്രതിഭകള്‍ ചിന്തിക്കുന്നത് സര്‍ഗ്ഗരചനയില്‍ ഒന്നുമല്ലാത്തവരെ പൊടിപ്പുംതൊങ്ങലും കൊടുത്ത് അധികാരികളും മാധ്യമങ്ങളും മഹാകവിപ്പട്ടം ചാര്‍ത്തുമ്പോള്‍ സാഹിത്യ രചന ഒരു വ്യഥാവ്യായാമമെന്ന് തെറ്റിധരിക്കുന്നു.
കേരളത്തില്‍ എഴുത്തുകാരുടെ തലച്ചോറ് തിന്ന് ജീവിക്കുന്ന പ്രസാധകര്‍ക്ക് ചുട്ട മറുപടിയുമായിട്ടാണ് ആമസോണ്‍ പുസ്തകങ്ങള്‍ എഴുത്തുകാരുടെ രക്ഷകരായി ലോകമെങ്ങുമെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. ആമസോണില്‍ കാമക്കയങ്ങളില്‍ കയ്യിട്ടടിച്ചു നീന്തിപ്പുളക്കുന്ന വാസവദത്തമാരില്ല. കൊടിയുടെ നിറത്തിലോ പണത്തിലോ ആരെയും താലോലിക്കുന്നില്ല. ആമസോണ്‍ നോക്കുന്നത് അക്ഷരങ്ങള്‍ മാത്രമാണ്. ആരെയും അവഗണിക്കുന്നില്ല. സര്‍ഗ്ഗ പ്രതിഭകളെ അവരുടെ സംഭവനകളെമാനിച്ച് അംഗീകരിക്കുന്നു. അങ്ങനെ എനിക്കും ഒരു ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന അംഗീകാരം കിട്ടി. ഇങ്ങനെ ലിമ വേള്‍ഡ് ലൈബ്രറി വഴി ആമസോണ്‍ ബുക്കിന് പലര്‍ക്കും ലഭിച്ചിട്ടുണ്ട്.
വര്‍ത്തമാനകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ എഴുത്തുകാര്‍ക്ക് ഒരാശ്രയമായിട്ടാണ് ആമസോണ്‍ കടന്നുവന്നിരിക്കുന്നത്. പാശ്ചാത്യ സാഹിത്യലോകം അതിന്റ മാധുര്യം അനുഭവിക്കുന്നുണ്ട്. നല്ലൊരു പറ്റം മലയാളി എഴുത്തുകാരും ആമസോണില്‍ നിന്ന് വളരെയകലത്തില്‍ സഞ്ചരിക്കുന്നു. അതിന്റ പ്രധാന കാരണം പല എഴുത്തുകാരും പ്രസാധക ചങ്ങലയില്‍ ബന്ധിക്കപ്പെട്ടവരാണ്. മറ്റൊരു കൂട്ടര്‍ക്ക് ഇതിനെപ്പറ്റി കുടുതലൊന്നുമറിയില്ല. പ്രമുഖരായ എഴുത്തുകാരുടെ വിലപിടിപ്പുള്ള നല്ല നല്ല പുസ്തകങ്ങള്‍ പൊടിപിടിച്ചു കിടക്കുന്നു. അതൊന്നും ആമസോണില്‍ കാണാറില്ല. അഥവ ഉണ്ടെങ്കിലും ആമസോണില്‍ നിന്ന് കിട്ടുന്ന പണം അവരുടെ കൈകളില്‍ എത്താറില്ല. ചോദിക്കുമ്പോള്‍ പറയും ആമസോണിലുണ്ട്. ആമസോണ്‍ എല്ലാം മാസവും സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതു പോലും പലര്‍ക്കുമറിയില്ല. ഈ രംഗത്ത് എഴുത്തുകാരോട് കാട്ടുന്ന ചൂക്ഷണം മനസ്സിലാക്കിയാണ് ലിമ വേള്‍ഡ് ലൈബ്രറി എഴുത്തുകാരുടെ അധ്വാന ഫലം മറ്റുള്ളവര്‍ തട്ടിയെടുക്കാന്‍ ഇടവരാത്ത വിധം മലയാളം ഇംഗ്ലീഷ് ബുക്കുകള്‍ പ്രസിദ്ധികരിക്കാന്‍ തീരുമാനിച്ചത്. മറ്റുള്ളവരെപോലെ ഇടക്ക് നിന്ന് കമ്മീഷന്‍ എടുക്കുന്നില്ല. എഴുത്തുകാരന്‍ മരിച്ചാലും പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന പണം അതെ ആളിന്റെ അക്കൗണ്ടിലെത്തുന്നു. പുസ്തകങ്ങള്‍ ഒരു സ്മരണിക പോലെ എക്കാലവും ആമസോണില്‍ ജീവിക്കുന്നു. ലിമ വേള്‍ഡ് ലൈബ്രറി വഴി പുസ്തകങ്ങള്‍ ഇറക്കിയവരെല്ലാം അതിന്റ ഗുണങ്ങള്‍ ഇന്നനുഭവിക്കുന്നു. മാത്രവുമല്ല ആമസോണ്‍, പൊത്തി, നോഷ്യന്‍, ലുലു തുടങ്ങിയ ആഗോള പുസ്തക വിതരണക്കാര്‍ വഴി പുസ്തകങ്ങള്‍ ലോകത്തിന്റ ഏത് ഭാഗത്തിരുന്നും വാങ്ങാം. ഇന്റര്‍നെറ്റില്‍ വായിക്കാം. കൂടുതല്‍ പുസ്തകങ്ങള്‍ വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ആമസോണ്‍ സാഹിത്യ സംഭാവനകളെ മാനിച്ചുകൊണ്ട് പുരസ്‌കാരങ്ങളും നല്‍കുന്നു.
ഞാന്‍ ആദ്യം ആമസോണ്‍ വഴി ഒരു പുസ്തകമിറക്കിയപ്പോള്‍ അതിലെ ഭാരവാഹികള്‍ പറഞ്ഞത് എനിക്ക് മുപ്പത് ശതമാനം റോയല്‍റ്റി കിട്ടുമെന്നാണ്. സത്യത്തില്‍ ഇതിന്റ പിന്നിലെ കച്ചവട തന്ത്രങ്ങള്‍ എനിക്കറിയില്ലായിരുന്നു. പുസ്തക വിപണിയിലും ഇതെ കുതന്ത്രങ്ങളാണ് നടത്തുന്നത്. നൂറുരൂപയുടെ ഒരു പുസ്തകത്തിന് എനിക്ക് പ്രമുഖ പ്രസാധകരില്‍ നിന്ന് കിട്ടുന്നത് പത്തു ശതമാനം റോയല്‍റ്റിയാണ്. ബാക്കി തൊണ്ണൂറ് രൂപ അവരുടെ പോക്കറ്റില്‍. ഇന്നും അതിനൊരു മാറ്റം വന്നിട്ടില്ല. ആമസോണ്‍ ഇ-പേപ്പര്‍ ആയും പുസ്തകരൂപത്തിലും ലോകത്തിന്റ ഏത് ഭാഗത്തു നിന്നും വായിക്കാനും പുസ്തകം വാങ്ങാനും സംവിധാനങ്ങളുള്ളപ്പോള്‍ മലയാളി ഇപ്പോഴും പരപരാഗത വിശ്വാസംപോലെ പുസ്തകപ്രസാധനത്തിന്റ പിറകെ സഞ്ചരിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ആമസോണില്‍ സെല്‍ഫ് പബ്ലിഷിംഗ് പണച്ചിലവില്ലാതെ നടത്താം. അതിന് യാതൊരു നീലയോ വിലയോ അംഗീകാരമോ ഇല്ലെന്നുള്ളത് പലര്‍ക്കുമറിയില്ല. അതിന് മറ്റൊരു ദോഷമുണ്ട്. മറ്റുള്ളര്‍വര്‍ക്ക് അത് സ്വന്തം പേരിലാക്കി പുസ്തകമിറക്കാം. നമ്മള്‍ എവിടെ പോസ്റ്റ് ചെയ്തുവോ അവിടെയത് കുളത്തിലെ താവളപോലെ കിടക്കും. പുസ്തകങ്ങള്‍ ലോകമെങ്ങും എത്തിക്കണമെങ്കില്‍ മാര്‍ക്കറ്റിങ് നടത്തണം. അതിന് പ്രമുഖരായ ആമസോണ്‍ പ്രൊഫഷണല്‍ തന്നെ വേണം. നമ്മുടെ സാഹിത്യ സാംസ്‌കാരിക രംഗത്ത് നടക്കുന്ന അപമാനകരമായ പല സംഭവങ്ങള്‍പോലെയാണ് മൂല്യശോഷണം ഈ രംഗത്ത് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരായ സാഹിത്യകാരന്മാര്‍, കവികളുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി കാശുണ്ടാക്കുന്നത് നമ്മള്‍ കാണാറുണ്ട്. ഞാനും അത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊരു നല്ല കാര്യമാണ്. എന്നാല്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകം വിറ്റ് കാശുണ്ടാക്കി തടിച്ചുകൊഴുത്തവര്‍ അവരുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് എത്രയെണ്ണം മൊഴിമാറ്റം നടത്തിയിട്ടുണ്ട്? പാശ്ചാത്യ എഴുത്തുകാരെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രസാധകര്‍ കേരളത്തിലെ എത്ര എഴുത്തുകാരെ കയറ്റുമതി ചെയ്തിട്ടുണ്ട്?
ഈ രംഗത്തുള്ളവര്‍ സ്വയം വളരുന്നതിനൊപ്പം മറ്റുള്ളവരെ വളര്‍ത്താനും ശ്രമിക്കണം. സ്വയം പൊങ്ങി നടക്കുകയും ഒപ്പം നടക്കുന്നവരെ പൊക്കിയിരിത്തുന്ന ചുമടുതാങ്ങികളെയല്ല മലയാള ഭാഷയ്ക്ക് വേണ്ടത്. സ്വദേശ വിദേശ എഴുത്തുകാരന്റെ എഴുത്തിന് അംഗീകാരവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്ത് സാഹിത്യ സാംസ്‌കാരിക സംസ്‌കാരമാണുള്ളത്? സ്ത്രീത്വത്തെ അപമാനിക്കുന്നതുപോലെ, ചൂക്ഷണം ചെയ്യുന്നതുപോലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ ചൂക്ഷണം ചെയ്യരുത്. അപമാനിക്കരുത്. അക്ഷരങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്. അക്ഷരങ്ങള്‍ അടിക്ക മാത്രമല്ല പുളിയും കുടിപ്പിക്കും. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക.