SPIRITUAL
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ' ഡിവൈൻ പെന്തക്കോസ്ത് ' പരിശുദ്ധാന്മാ അഭിഷേക ശുശ്രുഷ :ജൂൺ 7 ന് നടക്കുന്ന ചടങ്ങ് ജോസഫ് എട്ടാടും, ഫാ. പോൾ പള്ളിച്ചാൻകുടിയിലും നയിക്കും

യുകെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് ജൂൺ 7ന് 'ഡിവൈൻ പെന്തക്കോസ്ത് ' പരിശുദ്ധാന്മാ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു.സെന്ററിന്റെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, പ്രശസ്ത ധ്യാന ഗുരു ഫാ. പോൾ പാള്ളിച്ചാൻകുടിയിൽ എന്നിവർ സംയുക്തമായി ശുശ്രുഷകൾ നയിക്കും.
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം പത്താംനാൾ, സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്തലന്മാർക്കും ശിഷ്യന്മാർക്കും തീനാളത്തിന്റെ രൂപത്തിൽ പരിശുദ്ധാന്മാവിന്റെ അഭിഷേകമുണ്ടായ ദിനത്തിലാണ് ആഗോള കത്തോലിക്കാ സഭ പെന്തക്കോസ്ത് തിരുനാളായി ആചരിക്കുന്നത്. ഇതേ ദിനത്തിലാണ് പരിശുദ്ധാന്മാ അഭിഷേക ശുശ്രുഷകൾ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.ജൂൺ 7 ന് വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾ രാത്രി പന്ത്രണ്ട് മണിയോടെ സമാപിക്കും
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ ഇന്ന് ഔദ്യോഗികമായി സ്ഥനാരോഹണമേൽക്കും.പ്രാദേശിക സമയം 10 മണിക്ക് (ഇന്ത്യൻ സമയം 1.30 ന് ) വത്തിക്കാനിലെ സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സ്ഥനാരോഹരണചടങ്ങുകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും.കർദിനാൾമാരെ അനുഗമിച്ചുകൊണ്ട് പ്രധാന ബലിവേദിയിലേക്ക് എത്തിച്ചേരുന്ന മാർപാപ്പ കുർബ്ബാനയിലെ ധന്യമുഹൂർത്തത്തിൽ വലിയ ഇടയന്റെ വസ്ത്രവും (പാലിയം),സ്ഥാനമോതിരവും സ്വീകരിച്ച് കൊണ്ട് ഔദ്യോഗികമായി സഭയുടെ സാരഥിയായി ചുമതലയേൽക്കും.കുർബ്ബാനക്ക് ശേഷം തന്റെ പ്രതേക വാഹനമായ പോപ്പ് മൊബീലിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങും ഇതിനൊപ്പമുണ്ടാവും.
അതിവിഷിഷ്ഠമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ വിശ്വാസികളുടെ വൻ പ്രവാഹമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്. യുഎസ്, ഉക്രൈൻ, ഓസ്ട്രേലിയ, ജെർമനി,കാനഡ, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കും, മറ്റു പ്രതിനിധികൾക്കും പുറമെ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും,ദീർഘകാലം സേവനമനുഷ്ടച്ച പെറുവിൽ നിന്നും അനേകം വിശ്വാസികൾ വത്തിക്കാനിലെത്തി.
സെന്റ് പീറ്റേർഴ്സ് ബസിലിക്കയോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാവും ഇനി മുതൽ ലിയോ പതിനാലാമന്റെ താമസം.ഇദ്ദേഹവും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലടികൾ പിന്തുടരുമെന്നത് വാക്കുകളിൽ നിന്ന് വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികളോടായി സംസാരിക്കവേ, കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിന് വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിന്റെ പൂർവ്വകാലങ്ങളെ തുറന്നുകാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് അറിയപ്പെടുന്നതും, റോം, ജെറുശലേം, സന്ത്യാഗോ (സെൻറ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഈ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീർത്ഥാടക സംഘാടകർ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്.
ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും.
ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് ഈ തീര്‍ത്ഥാടനം.
ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇപ്‌സ്‌വിച്ചിലെ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഇപ്‌സ്വിച്ചിലെ വിവിധ ചര്‍ച്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫൂഡ് ഫെസ്റ്റ് നടത്തി മൂവായിരത്തോളംപൗണ്ട് സമാഹരിച്ചു. മെയ് 4 ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍ മലയാളികളൂം സ്വദേശികളുമായി നിരവധി ആളുകള്‍ പങ്കെടൂത്തു. ഇപ്‌സ്വിച്ചിലെ ആദ്യ കാല മലയാളികള്‍ വര്‍ഷങ്ങളായിഈ പള്ളിയില്‍ ഒത്തുചേര്‍ന്നതിന്റെ നന്ദി സൂചകമായികൂടിയായിരുന്നൂ ഈ ഒത്തു ചേരല്‍.
ഇന്‍ഡ്യന്‍ ചാരിറ്റി ഫൂഡ് മേള വികാരി ഫാ ജൂഡ് നിലവിളക്ക് കൊളൂത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ കുട്ടികളുടേയും മുതിര്‍ന്നവരുടെയും കലാ പരിപാടികളൂം കാണികള്‍ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു. ഇന്‍ഡ്യന്‍ സംഗീതവും ഫുഡ് മേളയ്ക്ക് കൊഴുപ്പേകി. സെന്റ് മേരീസ് റോമന്‍ കാത്തലിക് പള്ളിയില്‍ വരുന്ന മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും ഫുഡ് ഫെസ്റ്റില്‍ സഹകരിച്ചു.
പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസമടങ്ങുന്ന ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
ആത്മീയ-ഭൗതീക -മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/H5oNjL5LP32qsS8s9 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് കൺവെൻഷൻ നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
2025 ജൂൺ 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും

ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി, അടുത്തിടെ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. 69 വയസ്സുള്ള പ്രെവോസ്റ്റ് 'ലിയോ പതിനാലാമൻ' എന്ന പേര് സ്വീകരിച്ചു. കോൺക്ളേവ് കൂടി രണ്ടാം ദിവസം നടന്ന നാലാമത്തെ വോട്ടെടുപ്പിൽ 267-ാ മത്തെ മാർപാപ്പയായി തിരഞ്ഞെടുത്ത പ്രെവോസ്റ്റിന് അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്ന വിശേഷണം കൂടിയുണ്ട്.
1955 സെപ്റ്റംബർ 14 ന് ചിക്കാഗോയിൽ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായി ജനിച്ച റോബർട്ട് പ്രെവോസ്റ്റ് ഇംഗ്ലീഷ്,ഫ്രഞ്ച്,പോർച്ചുഗീസ്,ഇറ്റാലിയൻ,സ്പാനിഷ് എന്നീ ഭാഷകളിൽ പരിഞ്ജാനം നേടിയിട്ടുണ്ട്. കൂടാതെ ഇടവക വികാരി, സെമിനാരി അദ്ധ്യാപകൻ, അഡ്മിസ്‌ട്രേറ്റർ,സെമിനാരി തലവൻ,ബിഷപ്പ് എന്നിങ്ങനെ നിരവധി പദവികളിലുള്ള സേവനപാരമ്പര്യത്തിന് പുറമെ വത്തിക്കാൻ തത്ത്വചിന്തയിലും സമൃദ്ധമായ അനുഭവം കൈപിടിച്ചാണ് അദ്ദേഹം പുതിയ പദവിയിലെത്തുന്നത്.
പാരമ്പര്യപ്രകാരം ഏറ്റവും മുതിർന്ന കര്‍ദിനാള്‍ ഡീക്കനായ ഫ്രഞ്ചുകാരനായ കർദിനാൾ ഡൊമിനിക് മാംബെര്‍ട്ടിയാണ് "ഹബേമുസ് പാപ്പാം!" (ലാറ്റിനിൽ "ഞങ്ങൾക്ക് ഒരു പോപ്പ് ലഭിച്ചു!") എന്ന് ലോകത്തോട് പ്രഖ്യാപിച്ചത്.വ്യാഴാഴ്ച സിസ്റ്റീൻ ചാപ്പലിൽ നിന്നുമുയർന്ന വെള്ള പുകയുടെ പ്രതീക്ഷയിൽ കാത്തിരുന്ന ജനങ്ങളിലേക്ക് സെന്റ് പീറ്റേഴ്സ് ബാൽക്കണിയിൽ കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് എത്തപ്പെട്ടപ്പോൾ അവിടെ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ ഹർഷധ്വനിയോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. 'നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ' എന്നതായിരുന്നു വിശ്വാസികളോടുള്ള അദ്ദേഹത്തിന്റെ ആദ്യവാക്കുകൾ. പുതിയ പോപ്പിന്റെ ആദ്യ അനുഗ്രഹം സ്വീകരിക്കുന്നതിനിടെ പലരും കൈയടിക്കുകയും ചിലർ കണ്ണീരൊഴുക്കുകയും ചെയ്തു.
വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും

കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച്ച പൂർത്തീകരിക്കുമെന്ന പ്രതീക്ഷക്ക് വഴിമുടങ്ങി. സിസ്റ്റെയ്ൻ ചാപ്പലിൽ നിന്നുമുയർന്നു വന്ന കറുത്ത പുകയാണ് തിരഞ്ഞെടുപ്പ് വാർത്തയറിയാൻ കാത്തിരുന്നവർക്കുള്ള മറുപടിയായെത്തിയത്.പാപ്പയെ തിരഞ്ഞെടുത്താൽ വെളുത്ത പുകയാവും ചിമ്മിനിയിൽ നിന്നുമുയരുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ മാർപാപ്പയെ തിരഞ്ഞെടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും.
നിലവിലുള്ള കാനോൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ,മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം വരുന്നത് 80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാർക്കാണ്. ഇവരോരോരുത്തരും തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് ബാലറ്റ് പേപ്പറുകളിൽ രേഖപ്പെടുത്തും. ബൈബിളിൽ തൊട്ടുള്ള സത്യപ്രതിജ്ഞക്ക് ശേഷമാണ് ഈ ചടങ്ങ് നടക്കുന്നത്.ബുധനാഴ്ച്ച ഒരു തവണയാണ് വോട്ടെടുപ്പ് നടന്നതെങ്കിൽ വ്യാഴാഴ്ച മുതൽ അത് ദിവസേന നാല് തവണയായി കൂടും.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനായുള്ള കോൺക്ലേവിന്റെ പ്രധാന ചുമതലകൾ കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന മൂന്ന് കർദിനാൾമാരെയും, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരിട്ട് പങ്കാളികളാകാനാവാത്തവരിൽ നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്നുപേരെയും, വോട്ടുകളുടെ കൃത്യത പരിശോധിക്കുന്ന മറ്റ് മൂന്നുപേരെയും മാർ കൂവക്കാട് തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ, കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ ഔപചാരികമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ദൗത്യവും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നിർവഹിക്കപ്പെടുന്നത്.
സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ഫാ. ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും, ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .
Rev Fr.മാത്യൂസ് അബ്രഹാമിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി.
വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു.
പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു.
ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും, പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി.
വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev ഫാ. തോംസൺ ചാക്കോ നേതൃത്വം നൽകി. എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഈസ്റ്റർ എഗ്ഗ് നൽകി പരസ്പരം കൈകോർത്ത് മംഗളാശംസകള്‍ നേർന്നു.
ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രുഷക്കാരുടെയും,ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാ വിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും, നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമ്മിറ്റി അംഗങ്ങളോടും, ട്രസ്റ്റി മനോജ് ഇടശ്ശേരിയിൽ, സെക്രട്ടറി ഷെറൂൺ തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു

ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു സംഗീതം നൽകിയത് ഷാൻ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുൽ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്ക്കാരം ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്ത് ആണ്, ജസ്റ്റിൻ എ എസ് എഡിറ്റിംഗ് നിർവഹിച്ച ഈ ഗാനം നിർമ്മിച്ചത് ബിനോയ് ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോർഡിങ് ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളം നിർവഹിച്ചു.
ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാർത്ഥനനിർഭരമായ നിമിഷങ്ങളിൽ പങ്കാളികളായി.
നോമ്പുകാല പ്രാർത്ഥനയിൽ ആയിരിക്കുന്ന ഏവർക്കും വരാനിരിക്കുന്ന പ്രത്യാശയുടെ ദിനമായ ഈസ്റ്ററിന്റ എല്ലാവിധ ആശംസകൾ നേരുന്നു.
www.youtube.com/watch