Home >>
ASSOCIATION
ASSOCIATION
സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി
3>യുവതലമുറയുടെ നവ നേതൃത്വനിരയുമായി എസ്എംഎ തങ്ങളുടെഇരുപതാം വര്‍ഷത്തിലേക്ക് കടന്നു. യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന് (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത്.
സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വര്‍ഷവും പതിവു പോലെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ആഘോഷങ്ങളുടെ ആരവം തീര്‍ക്കുകയായിരുന്നു. വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികള്‍ 'റിധം 2024' എന്നപേരില്‍ നടത്തപ്പെട്ടു. ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത് എസ്എംഎയുടെ സ്വന്തം കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ആയിരുന്നു.
അതോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ഡെല്‍സി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് 2024 - 25 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് എബിന് ബേബി, സെക്രട്ടറി ജിജോ ജോസഫ്, ട്രഷറര്‍ ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ജെ. ജേക്കബ് & ജയ വിബിന്, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്, പിആര്‍ഒ സിബി ജോസ് & ഐനിമോള്‍ സാജു, എക്സ് ഓഫീസ് കോ റോയ് ഫ്രാന്‍സിസ് & ബേസില്‍ ജോയ്, സ്പോര്‍ട്സ് കോഡിനേറ്റര്‍ സജി ജോര്‍ജ് മുളക്കല്‍, ജെ ജേക്കബ് & ജോസ് ജോണ്‍, ആര്‍ട്സ് കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി രാജന് & ജയ വിബിന്, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് അനൂപ് പി ജേക്കബ്, ജോബി ജോസഫ്, സ്നേഹ റോയ്സണ്‍.
സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യുകെ)യുടെ 'എ ഡേ ഫോര്‍ ഇന്ത്യ' ക്യാമ്പയിന്; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര് റൂം
3>ലണ്ടന്‍ : ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 - നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യല്‍മീഡിയ ക്യാമ്പയിന് സംഘടിപ്പിച്ചത്.
പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര് റൂം ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന അഡ്വ. കെ ലിജു ഓണ്‍ലൈനായി ക്യാമ്പയിന് ഉല്‍ഘാടനം ചെയ്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ 'A DAY FOR 'INDIA''ക്യാമ്പയിനിന്റെ ഉല്‍ഘാടകനായി എത്തിയത്, പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ജനാതിപത്യ വിശ്വാസികളാണ് ഓണ്‍ലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.
രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ക്യാമ്പയിനിലൂടെ വിജയകരമായതായി പൂര്‍ത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നല്കിയ ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ്, കോ - കണ്‍വീനര്‍മാരായ സുരാജ് കൃഷ്ണന്, നിസാര്‍ അലിയാര് എന്നിവര്‍ പറഞ്ഞു.
ക്യാമ്പയിനിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര് റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്.
ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും ഐഒസി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ലണ്ടന്‍, ബോള്ട്ടന്, ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, പ്ലിമൊത്ത്, ഇപ്സ്വിച്, പ്രെസ്റ്റന്, വിതിന്‍ഷോ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരുന്ന 'വാര് റൂമുകളില്‍ നിന്നും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം മുഖേന യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകള്‍ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളില്‍ രാഷ്ട്രീയം പറയാതെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായതായും ഐഒസി (യുകെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമ്മൂട്ടില്‍, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിന് തോമസ് എന്നിവര്‍ ചേര്‍ന്ന് ഏകോപനമൊരുക്കി.
വാര് റൂം ലീഡേഴ്സ്:ബോബിന് ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്ട്ടന്), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), ഷിനാസ് ഷാജു (പ്രെസ്റ്റണ്), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ)
വിറാള്‍ മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം, പുതിയ സാരഥികളുടെ നേതൃത്വത്തിലുള്ള ആദ്യ പരിപാടിയായ ഈസ്റ്റര്‍ -വിഷു- റമദാന് ആഘോഷം മെയ് അഞ്ചിന്
3>2024-2025 വര്‍ഷത്തെ വിറാള്‍ മലയാളി കമ്മ്യൂണിറ്റി തങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വിറാള്‍ കമ്മ്യൂണിറ്റിയുടെ (ഡബ്ല്യുഎംസി)യുടെ പ്രസിഡന്റായി ജെസ്വിന് കുളങ്ങരയെ തിരഞ്ഞെടുത്തു.
കമ്മ്യൂണിറ്റിയുടെ ഓരോ നേതൃസ്ഥാനവും മികച്ച കൈകളിലാണ് ഇക്കുറിയും ഏല്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടറിയായി തിരഞ്ഞെടുത്തത് സിബി സാം തോട്ടത്തിലിനെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രീതി ദിലീപിനെയും തിരഞ്ഞെടുത്തു.
ജോഷി ജോസഫ് (കമ്മ്യൂണിറ്റി കോഡിനേറ്റര്‍), ശ്രീപ്രിയ ശ്രീദേവി (ജോയിന്‍ സെക്രട്ടറി) മനോജ് തോമസ് ഓലിക്കല്‍ (ഫിനാന്‍സ് ഓഫീസര്‍), ബിജു ജോസഫ് ( പിആര്‍ഒ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടക്കം വരും വര്‍ഷം നടത്തുവാന്‍ ജനറല്‍ബോഡി അംഗീകാരം നല്കി.
മാത്രമല്ല അടുത്തമാസം മെയ് അഞ്ചാം തീയതി പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി ഈസ്റ്റര്‍ -വിഷു- റമദാന് ആഘോഷം നടത്തുവാനും തീരുമാനിച്ചതായി കമ്മിറ്റി അറിയിച്ചു.
ഈ വര്‍ഷത്തെ ലണ്ടന്‍ ടി സി എസ് മിനി മരാത്തോണില്‍ തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി സഹോദരിമാരായ ആന്‍ മേരി മല്പ്പാനും, ക്രിസ്റ്റല്‍ മേരി മല്പ്പാനും
3>ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരാത്തോണില്‍ വിജയം കരസ്ഥമാക്കി മലയാളി താരങ്ങള്‍. മലയാളി സഹോദരിമാരായ ആന്‍ മേരി മല്പ്പാനും, ക്രിസ്റ്റല്‍ മേരി മല്പ്പാനും തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ്.
സ്പോര്‍ട്സില്‍ തല്പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിതെന്നത് പ്രത്യേകതയാണ്. ലണ്ടണിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിങ്കു ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്റല്‍ എല്ല വര്‍ഷവും ഈ മാരാത്തോണ്‍ നടക്കാറുണ്ട്.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ഷീജോ മല്പ്പാനും സിനി ഷീജോയും ആണ് ഇവരുടെ മാതാപിതാക്കള്‍. ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരാണ് ഷീജോ മല്പ്പാനും സിനി ഷീജോയും.
ഷീജോ മല്പ്പാന് യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുന്‍ പ്രസിഡന്റും, സിനി ലണ്ടന്‍ ബാര്‍ട്ട്സ് nhs ട്രസ്റ്റിലെ ഡയബടീസ് ക്ലിനിക്കല്‍ നേഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.
'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 27 ന്; പീറ്റര്‍ ചേരാനല്ലൂര്‍, മൊഹമ്മദ് യാസിന് എംപി തുടങ്ങിയവര്‍ അതിഥികളായെത്തും
3>ബെഡ്ഫോര്‍ഡ് : ബെഡ്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവര്‍ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവര്‍ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോര്‍ഡില്‍ ആഘോഷിക്കുമ്പോള്‍, അത് സൗഹാര്‍ദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
'ബി എം കെ എ' ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തില്‍ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോര്‍ഡ് കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്, ബെഡ്ഫോര്‍ഡ് ബോറോ കൗണ്‍സിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന് തുടങ്ങിയവര്‍ അതിഥികളായി പങ്കുചേരും.
പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേര്‍ന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യുകെയിലെ നൃത്ത സദസ്സുകളില്‍ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാന്‍സ് ഫെസ്റ്റ്', കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍, ഡീ ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങള്‍' എന്നിവ ഈസ്റ്റര്‍ വിഷു ആഘോഷ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോന് മാമ്മൂട്ടില്‍, സെക്രട്ടറി ആന്റോ ബാബു എന്നിവര്‍ അറിയിച്ചു.
യുകെയിലെ ഇതര സംഘടനകളില്‍ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ 'BMKA കിച്ചന്' സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ 'അപ്നാ ഖാന' ഈസ്റ്റര്‍-വിഷു ആഘോഷത്തില്‍ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള അഡിസണ്‍ സെന്ററില്‍ ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നില്ക്കുന്ന ആഘോഷരാവില്‍ ഡീ ജെ അടക്കം ആകര്‍ഷകങ്ങളായ നിരവധി ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മെംബര്‍മാരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യുകെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന് 'എ ഡേ ഫോര്‍ ഇന്ത്യ' ഇന്ന്, ഉദ്ഘാടനം എം.ലിജു
3>ലണ്ടന്‍ : ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്ക് അടുക്കുന്നതിനോട് അനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' - ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇന്ന് 'A DAY FOR 'INDIA' ക്യാമ്പയിന് സംഘടിപ്പിക്കും.
പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര് റൂം ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന എം ലിജു ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും. യുകെ സമയം രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ (ZOOM) ആയാണ് ഉദ്ഘാടന ചടങ്ങുകള്‍.
2024 ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, 'A DAY FOR 'INDIA' ക്യാമ്പയിനിന്റെ ഉദ്ഘാടകനായി എത്തുന്നത് പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കിയിട്ടുണ്ട്.
ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം, യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര് റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ പ്രചാരണം സംഘടിപ്പിക്കും. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നിവയാണ് 'A DAY FOR 'INDIA'' ക്യാമ്പയിനിലൂടെ ഐഒസി (യു കെ) ലക്ഷ്യമിടുന്നത്.
വിവിധ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന 'വാര് റൂം' മുഖേന, പ്രചാരണം കൂടുതല്‍ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ സുരാജ് കൃഷ്ണന്, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ് എന്നിവര്‍ അറിയിച്ചു.
ഇന്ന് സംഘടിപ്പിക്കുന്ന 'A Day for 'INDIA'' ക്യാമ്പയിനില്‍ യുകെയിലെ പ്രബുദ്ധരായ എല്ലാ ജനാതിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതില്‍ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍, ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ പറഞ്ഞു.
വാര് റൂം ലീഡേഴ്സ്:ബോബിന് ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്ട്ടന്), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ), ഷിനാസ് ഷാജു (പ്രെസ്റ്റണ്)
തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്, നിസാര്‍ അലിയാര് (കോ - കണ്‍വീനേഴ്സ്)
കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന് തോമസ്, ജെന്നിഫര്‍ ജോയ്
Zoom Link
https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
Meeting ID: 899 8395 0412Passcode: 743274
ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യുകെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന് 2024' ഇലക്ഷന് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു
3>ലണ്ടന്‍ : ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വന്‍ വിജയം ഉറപ്പാക്കി രാജ്യത്ത് 'INDIA' സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് യുകെയിലെത്തിയവരും സൈബര്‍ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെയും അണിചേര്‍ത്തുകൊണ്ട് ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന് 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ 'മിഷന് 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്, നിസാര്‍ അലിയാര് (കോ - കണ്‍വീനേഴ്സ്)
കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന് തോമസ്, ജെന്നിഫര്‍ ജോയ്
രാജ്യത്തിന്റെ മതേതര - ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ നാട്ടിലെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തില്‍ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുകയാണ് മിഷന് 2024' തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു.
ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സീനിയര്‍ ലീഡര്‍ സുരജ് കൃഷ്ണന്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈബര്‍ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോര്‍ജ്, നിസാര്‍ അലിയാര്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമൂട്ടില്‍, വിഷ്ണു പ്രതാപ്, ജെന്നിഫര്‍ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവര്‍ത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചര്‍ച്ച ആയിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളില്‍, കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജപ്പാന് അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെക്ക് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ മെഡല്‍ ജേതാവായി മലയാളിതാരം ടോം ജേക്കബ്
3>ഗ്ലാസ്ഗോ : ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യുകെക്കും, ഒപ്പം മലയാളികള്‍ക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനില്‍ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തില്‍ നിന്നാണ് ടോം ജേക്കബ് ചാമ്പ്യന്‍ പട്ടം ഉയര്‍ത്തിയത്.
ഇന്ത്യയില്‍ നിന്നും ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കോട്ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തില്‍ തന്റെ ഇഷ്ട ഇനമായ കരാട്ടെയില്‍ വിജയക്കൊടി പാറിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാന്‍ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാന് സന്ദര്‍ശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം.
ഗ്ലാസ്ഗോ, കിംഗ്സ്റ്റണ്‍ ഡോക്കില്‍ ഭാര്യ ജിഷ ഗ്രിഗറിക്കും 15 വയസ്സുള്ള മകന് ലിയോണിനുമൊപ്പം കുടുംബസമേതം ആണ് താമസിക്കുന്നത്. തന്റെ വിജയത്തിനായി കുടുംബം ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി സദാ കൂടെയുണ്ടെന്നും പറഞ്ഞു. അര്‍പ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തില്‍ കരാട്ടെയില്‍ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പങ്കെടുത്തതിന് ശേഷം 2019-ല്‍ ആയോധനകലയില്‍ യുകെയുടെ അംബാസഡറും, ഇന്റര്‍നാഷണല്‍ ഷോറിന്-റ്യൂ റൈഹോക്കന്‍ അസോസിയേഷന്റെ ചീഫ് ഇന്‍സ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും യുകെയില്‍ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.
ദക്ഷിണേന്ത്യയില്‍ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, കേരള സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്തിനു പിന്നാലെയാണ് യുകെയിലേക്ക് എത്തിയത്. യുകെയില്‍ നിന്നും മാര്‍ക്കറ്റിംഗില്‍ എംബിഎ വിജയകരമായി പൂര്‍ത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2018-ല്‍ തന്റെ അഞ്ചാമത്തെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ടോം കരാട്ടെയില്‍ എക്സലന്റ് സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യുകെയിലെ സര്‍ട്ടിഫൈഡ് ബോക്സിങ് കോച്ച് കൂടിയാണ് താരം.
ഇപ്പോള്‍ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകള്‍ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യന്‍ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളില്‍ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തില്‍ അന്തരാഷ്ട്ര തലത്തില്‍ മത്സരിക്കുവാന്‍ തുടര്‍ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വര്‍ഷം ജപ്പാനില്‍ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ വീണ്ടും മാറ്റുരക്കുവാന്‍ ഉള്ള തായ്യാറെടുപ്പിലാണ്.
'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും
3>സ്റ്റീവനേജ് : ഹര്‍ട്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും, സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകര്‍ഷകമായി.
വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികള്‍, സംഗീത സാന്ദ്രത പകര്‍ന്ന 'ഗാന വിരുന്ന്' ആകര്‍ഷകങ്ങളായ നിരവധി പരിപാടികള്‍ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകന് ശ്രീജിത്ത് ശ്രീധരന് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി സര്‍ഗ്ഗം വേദിയെ ആനന്ദ സാഗരത്തില്‍ ആറാടിച്ചപ്പോള്‍, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകര്‍ത്ത കൊച്ചുകുട്ടികള്‍ മുതല്‍ ഉള്ള ഗായകര്‍ ഒരുക്കിയ 'ഗാനാമൃതം' സദസ്സിനെ സംഗീതസാന്ദ്രതയില്‍ ലയിപ്പിച്ചു. ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കല്‍ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങള്‍ വേദിയെ കോരിത്തരിപ്പിച്ചു.
മോര്‍ട്ഗേജ്സ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുട്ട് ഗ്രേഡിയന്‍സ് ഹോള്‍സെയില്‍ ഡീലര്‍ 'സെവന്‍സ് ട്രേഡേഴ്സ്' സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', മലബാര്‍ ഫുഡ്ഡ്സ് എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരായി. ഈസ്റ്റര്‍ വിഷു ആഘോഷത്തിലെ സ്പോണ്‍സറും, വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ ആഘോഷത്തിലേക്ക് എത്തിക്കുകയും ചെയ്ത 'ബെന്നീസ് കിച്ചന്' സദസ്സിനെ കയ്യിലെടുത്തു.
സര്‍ഗ്ഗം പ്രസിഡന്റ് അപ്പച്ചന് കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിച്ചു. സെക്രട്ടറി സജീവ് ദിവാകരന് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി എന്നിവര്‍ അവതാരകാരായി തിളങ്ങി. സര്‍ഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ സി തോട്ടത്തില്‍, ജെയിംസ് മുണ്ടാട്ട്, മനോജ് ജോണ്‍, ഹരിദാസ് തങ്കപ്പന്, വില്‍സി പ്രിന്‍സണ്‍, സഹാന ചിന്തു, അലക്സാണ്ടര്‍ തോമസ്, ചിന്തു ആനന്ദന്, നന്ദു കൃഷ്ണന്, സജീവ് ദിവാകരന് എന്നിവര്‍ നേതൃത്വം നല്കി.
'വിഷു തീം' പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോണ്‍ എന്നിവര്‍ വേഷമിട്ടപ്പോള്‍, ബോബന് സെബാസ്റ്റിയന് സുരേഷ്-ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും, വിഷുക്കൈനീട്ടം നല്‍കുകയും ചെയ്തു.
'ഈസ്റ്റര്‍ തീം' അവതരണത്തില്‍ പ്രാര്‍ത്ഥന മരിയ, നോഹ, നിന, നിയ, പ്രിന്‍സണ്‍, മനോജ്, വില്‍സി, ഡിക്സണ്‍, സഹാന, അലീന, ഗില്‍സാ, ബെനീഷ്യ എന്നിവര്‍ വേഷമിട്ടു. കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദര്‍ശനവും, പശ്ചാത്തല കല്ലറയും, മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവല്‍ക്കാരും ഏറെ താദാല്മകവും ആകര്‍ഷകവുമായി. ഈദുല്‍ ഫിത്തറിന്റെ തീം സോങ്ങില്‍ ബെല്ല ജോര്‍ജ്ജ്, ആന്‍ഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.
നിയ ലൈജോണ്‍, അല്‍ക്ക ടാനിയ, ആന്റണി പി ടോം, ഇവാ അന്ന ടോം, ലക്സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിന് വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോണ്‍, ബോബന് സെബാസ്റ്റ്യന്‍ എന്നിവരാലപിച്ച ഗാനങ്ങള്‍ വേദിയെ സംഗീത സാന്ദ്രമാക്കി. നൃത്തലഹരിയില്‍ സദസ്സിനെ ആറാടിച്ച എഡ്നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫര്‍ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിന് ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീന് എന്നിവര്‍ ഏറെ കയ്യടി നേടികൊണ്ടാണ് വേദി വിട്ടത്.
മഴവില്‍ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകര്‍ന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തില്‍ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ രാവ്' രാത്രി പത്തുമണിവരെ നീണ്ടു നിന്നു. സംഘാടക മികവും, വര്‍ണ്ണാഭമായ കലാപരിപാടികളും, ഗ്രാന്‍ഡ് ഡിന്നറും ആഘോഷത്തില്‍ ശ്രദ്ധേയമായി.
വെസ്റ്റ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം! വെയിക്ക് ഫീല്‍ഡില്‍ വച്ച് നടന്ന യോഗത്തില്‍ പുതിയ സാരഥികളെ തിരഞ്ഞെടുത്തു, ജിജോ ചുമ്മാര്‍ പ്രസിഡന്റ്, സജേഷ് കെ എസ്സ് സെക്രട്ടറി
3>വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഏറ്റവും വലുതും വര്‍ഷങ്ങളായി നിലകൊള്ളുന്നതുമായ 'വയ്മ മലയാളിത്തനിമ'യ്ക്ക് ശക്തമായ നവ നേതൃത്വം. വെസ്റ്റ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷനെ ഇനി മുന്നില്‍ നിന്നും നയിക്കാന്‍ പോകുന്നത് കഴിവുള്ള ഈ പതിമൂന്ന് പേരാണ്.
ഈ മാസം ആറാം തീയതി വെയിക്ക് ഫീല്‍ഡ്ഡില്‍ വച്ചു നടന്ന ഈസ്റ്റര്‍ വിഷു റംസാന് ആഘോഷത്തോടും, വാര്‍ഷിക പൊതുയോഗത്തോടും നടന്ന യോഗത്തില്‍ ആണ് ജനകീയരായ പുതുസാരഥികളെ തിരഞ്ഞെടുത്തത്. തങ്ങളുടെ കഴിവും ബുദ്ധിയും കൊണ്ട് വെസ്റ്റ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷനെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ജിജോ ചുമ്മാറിനെ പ്രസിഡന്റായും, സജേഷ് കെ എസ്സിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വനിതകള്‍ക്കും, പുതിയ തലമുറയില്‍ പെട്ടവര്‍ക്കും, പഴയ തലമുറയില്‍ പെട്ടവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് 18ാം വര്‍ഷത്തെ വയ്മ കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസ്തുത യോഗത്തില്‍ ഷീബാ ബിജു വൈസ് പ്രസിഡന്റും പ്രിയ അഭിലാഷ് ജോയന്റ് സെക്രട്ടറിയും ആയി. ട്രസ്റ്റി ചുമതല ജിമ്മി ദേവസികുട്ടി ഏറ്റെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി വിനി മാത്യു, ഷാരോണ്‍ മാത്യു, ഷില്‍ട്ട് മുത്തോലില്‍, ബിനു മാത്യു, ടെല്‍ജോ പാപ്പച്ചന് എന്നിവരെയും യൂത്ത് കോര്‍ഡിനേറ്റര്‍മരായി മിയ സാജന്, നിക്കാ അനില്‍കുമാര്‍, ശ്രാവണ്‍ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു.